കൊച്ചിയിലെ പെഡല്‍ ഫോഴ്സ്

സൈക്കിളില്‍ കറങ്ങാം, ആരോഗ്യത്തോടെ…
ലോകം ഇപ്പോള്‍ സൈക്കിളിന്റെ വിഴിയിലാണ്. മഹാമാരിയായി കൊറോണകൂടി പെയ്തിറങ്ങിയതോടെ പണ്ടെന്നോ ഉപേക്ഷിച്ചുകളഞ്ഞ സൈക്കിളുകളൊക്കെ ആളുകള്‍ പൊടിതട്ടിയെടുക്കാന്‍ തുടങ്ങിയിരിക്കുന്നു. പൊതു വാഹനങ്ങളിലെ യാത്രകള്‍ പരമാവധി ഒഴിവാക്കി സ്വകാര്യതയ്ക്കും സുരക്ഷയ്ക്കുമായ് സൈക്കിളിലേക്കൊരു മടക്കം. ഒപ്പം പൊലൂഷനില്ലാത്ത സാമ്പത്തിക ചെലവില്ലാത്ത യാത്രയ്ക്കുവേണ്ടി. അത്തരമൊരു യാത്രയിലേക്ക് നാം മടങ്ങുമ്പോള്‍ വെറുതേയല്ല ഈ സൈക്കിള്‍ സവാരി എന്ന് അറിയുക. സ്വകാര്യത, സുരക്ഷ, സാമ്പത്തിക ഭദ്രത എന്നിവയ്ക്കപ്പുറത്ത് ആരോഗ്യമുള്ള ജീവിതത്തിലേക്കാണീ സൈക്കിള്‍ യാത്ര.
സൈക്കിള്‍ സവാരിയുടെ ഗുണഗണങ്ങള്‍
ആയുസ് കൂട്ടണോ? കാന്‍സര്‍ പ്രതിരോധിക്കണോ? ഹൃദ്രോഗത്തെ അകറ്റിനിര്‍ത്തണോ? വീട്ടിലിരിക്കുന്ന സൈക്കിള്‍ പൊടി തട്ടിയെടുത്തോളൂ. എല്ലാറ്റിനുമുളള ഒറ്റമൂലിയാണ് ഈ ഇരുചക്രവാഹനം. ജിമ്മില്‍ പോയി മണിക്കൂറുകള്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനേക്കാള്‍ എത്രയോ ചെലവു കുറഞ്ഞമാര്ഗ്ഗമാണ് നീട്ടിപ്പിടിച്ചൊരു സൈക്കിള്‍ ചവിട്ടല്‍. നിങ്ങള്‍ ചെയ്യേണ്ടത് ബാലന്‍സ് നിലനിര്‍ത്തുക മാത്രമാണ് ആരോഗ്യത്തിന്റെ വഴികളിലൂടെ സൈക്കിള്‍ നിങ്ങളെ മുന്നോട്ടുകൊണ്ടു പൊയ്ക്കൊള്ളും.
നടത്തത്തേക്കാള്‍ മികച്ചത്…
ടൈപ്പ് 2 പ്രമേഹത്തെ ചെറുക്കാനും സുഖനിദ്രയ്ക്കും ദിവസേന അരമണിക്കൂര്‍ സൈക്കിള്‍ ചവിട്ടുന്നത് നല്ലതാണ്. ദിവസേനയുള്ള നടത്തത്തേക്കാള്‍ കലോറി കുറയ്ക്കാന്‍ മികച്ചതാണത്രേ അരമണിക്കൂര്‍ നടത്തുന്ന ഉന്മേഷകരമായ സൈക്ലിംഗ്. 20 വയസു മുതല്‍ രോഗപ്രതിരോധശേഷി 2 മുതല്‍ 3 ശതമാനം വീതം ഓരോ വര്‍ഷവും കുറഞ്ഞുവരുകയാണ്. എന്നാല്‍, സൈക്ലിംഗ് വാര്‍ദ്ധക്യത്തിലും പിന്തുടരുന്നവര്‍ക്ക് മികച്ച രോഗപ്രതിരോധശേഷിയുണ്ടായിരിക്കുമത്രേ. വാര്ദ്ധക്യത്തിലെത്തുമ്ബോഴേക്കും മിക്കവരേയും കാത്തിരിക്കുന്നത് അണുബാധ, സന്ധിവാതം എന്നിവയായിരിക്കും. എന്നാല്‍ സൈക്ലിംഗ് ശീലമാക്കിയ എഴുപതു കഴിഞ്ഞവരില്‍ നടത്തിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് ഇവര്‍ക്ക് ഉയര്‍ന്ന രോഗപ്രതിരോധശേഷിയാണുള്ളത് എന്നാണ്.
എയറോബിക് വ്യായാമം…
സൈക്ലിംഗ് മികച്ച എയറോബിക് എക്സര്‍സൈസ് കൂടിയാണ്. ഹൃദയം, രക്തക്കുഴലുകള്‍, ശ്വാസകോശം ഇതെല്ലാം കൂടുതല്‍ പ്രവര്‍ത്തനക്ഷമമാകുന്നു. ശ്വാസ്വോഛ്വാസത്തിന്റെ തോത് ഉയരുന്നതോടെ ശരീരോഷ്മാവ് ഉയരുകയും കൂടുതല്‍ ഓക്സിജനും പോഷകങ്ങളും ത്വക്കിലെത്തുമെന്നു മാത്രമല്ല ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ വേഗത്തില്‍ പുറന്തള്ളുകയും ചെയ്യുന്നു. തലച്ചോറിലേക്കുള്ള രക്തപ്രവാഹം സുഗമമാക്കുന്നതിലൂടെ ഓര്‍മ്മശക്തി മെച്ചമാക്കാം. ദിവസം മുഴുവന്‍ ഉന്മേഷം നിലനിര്‍ത്തുവാന്‍ സൈക്ലിംഗ് സഹായിക്കുകയും ചെയ്യുന്നു. കലോറി എരിഞ്ഞുതീരും സൈക്ലിംഗിലൂടെ നമ്മളറിയാതെ, നമ്മുടെ മസില് ബലം, കരുത്ത് എന്നിവ കൂടുകയും കൊളസ്ട്രോള്‍ ഇല്ലാതാവുകയും ചെയ്യുന്നു. ഒരു മണിക്കൂര്‍ സൈക്കിള്‍ സവാരി നടത്തുന്നതിലൂടെ 844 ലധികം കലോറിയാണ് നാം എരിച്ചുകളയുന്നത്. വയര്‍ മാത്രമല്ല തുട, അരക്കെട്ട് എന്നിവിടങ്ങളിലെ കൊഴുപ്പിനെ ഇല്ലാതെയാക്കി ശരീരസൗന്ദര്യം നിലനിര്‍ത്തുകയും ചെയ്യുന്നു. പതിവായി സൈക്കിള്‍ ചവിട്ടുന്നവര്‍ നീണ്ടു മെലിഞ്ഞ് സുന്ദര ശരീരാകൃതിയുള്ളവരായിരിക്കുമെന്നും ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ നടത്തിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
നല്ല മൂഡിന്…
സൈക്ലിംഗിലൂടെ അഡ്രിനാലിന്‍, എന്‍ഡോര്‍ഫിന്‍ ഹോര്‍മോണുകള്‍ സ്വതന്ത്രമാകുന്നതോടെ ഉന്മേഷവും ആത്മവിശ്വാസവും കലര്‍ന്ന മൂഡ് നിലനിര്‍ത്താനും സഹായിക്കുന്നു. അതിനാല്‍ വിഷാദരോഗികള്‍ക്ക് സൈക്ലിംഗ് ഫലപ്രദമായ മരുന്നായും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സ്ഥിരമായി ദിവസവും സൈക്കിള്‍ ഓടിക്കുന്നവരില്‍ മാംസപേശികള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതായും കൊഴുപ്പിന്റെയും കൊളസ്ട്രോളിന്റേയും അളവ് നിയന്ത്രണവിധേയമായതായും കണ്ടെത്തിയിട്ടുമുണ്ട്. മാത്രമല്ല സൈക്കിള്‍ ചവിട്ടുന്ന പുരുഷന്മാരില് പേശീവളര്ച്ചയേയും ലൈംഗികശേഷിയേയും നിയന്ത്രിക്കുന്ന ഹോര്‍മോണായ ടെസ്റ്റോസ്റ്റെറോണ്‍ ഹോര്‍മോണിന്റെ അളവ് കൂടുതലായി കാണപ്പെട്ടു. ശരീരത്തിന്റെ രോഗപ്രതിരോധശക്തിക്ക് കാരണമായ തൈമസ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം, 20 വയസിനു ശേഷവും സ്ഥിരമായി സൈക്കിള്‍ ഓടിക്കുന്നവരില്‍ പ്രവര്‍ത്തിക്കുന്നതായി കാണുന്നു. സാധാരണയായി 20 വയസിനു ശേഷം തൈമസ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം നിലയ്ക്കുന്നതായാണ് കണ്ടിട്ടുള്ളത്.
അര്‍ബുദം ചെറുക്കും…
ലണ്ടനിലെ ഗ്ലാസ്ഗോ സര്‍വകലാശാല 2,50,000 യാത്രക്കാരില്‍ അഞ്ചുവര്‍ഷം പഠനം നടത്തിയ ശേഷം പുറത്തുവിട്ട റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ശ്രദ്ധേയമാണ്. ദിവസവും സൈക്കിള്‍ യാത്ര ചെയ്ത് ഓഫീസിലേക്ക് പോകുന്നവര്‍, കാറിലും മറ്റു വാഹനങ്ങളിലും സഞ്ചരിക്കുന്നവര്‍, കാല്‍നടക്കാര്‍ എന്നിവരിലാണ് പഠനം നടത്തിയത്. ഈ യാത്രക്കാരില്‍ സ്ഥിരമായി സൈക്കിളില്‍ സഞ്ചരിക്കുന്നവരില്‍ വിവിധ അസുഖങ്ങള്‍ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം മറ്റുള്ളവരിലേതിനേക്കാള്‍ 41 ശതമാനം കുറവാണെന്ന് കണ്ടെത്തി. അര്‍ബുദം 45 ശതമാനവും ഹൃദയസംബന്ധമായ അസുഖങ്ങള്‍ 46 ശതമാനവും കുറവാണെന്നും മനസിലായി. കാല്‍നടക്കാരിലും ഹൃദ്രോഗസാധ്യത കുറവാണെങ്കിലും സൈക്കിള്‍ സവാരിക്കാരിലാണ് മികച്ച ഫലം.