Technology

ക്യാൻസർ റേഡിയേഷൻ ചികിത്സ രംഗത്ത് ആസ്റ്റർ മിംസിന്റെ ട്രൂ ബീം വലിയ മാറ്റമുണ്ടാക്കും : മന്ത്രി ടി. പി. രാമകൃഷ്ണൻ

കോഴിക്കോട് : ക്യാൻസർ റേഡിയേഷൻ ചികിത്സ രംഗത്ത് ആസ്റ്റർ മിംസിന്റെ ട്രൂ ബീം സംവിധാനം വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് ടി. പി. രാമകൃഷ്ണൻ. ആസ്റ്റർ മിംസ് ഓഡിറ്റോറിയത്തിൽ ട്രൂ ബീം റേഡിയോ തെറാപ്പി സംവിധാനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാൻസർ ചികിത്സ സാധാരണക്കാർക്ക് ഇപ്പോഴും അപ്രാപ്യമാണ് അത്തരമൊരു സാഹചര്യത്തിൽ ക്യാൻസറിനെ ഫലപ്രദമായി സുഖപ്പെടുത്താൻ കഴിയുന്ന ട്രൂ ബീം വലിയ മാറ്റങ്ങളുണ്ടാക്കും. ആധുനിക ചികിത്സ രംഗത്ത് സർക്കാരിനോട് തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുകയാണ് ആസ്റ്റർ മിംസ്. പ്രളയകാലത്ത് വലിയ സേവനമാണ് ആസ്റ്റർ മിംസും ഡോ. ആസാദ് മൂപ്പനും കേരളത്തിന്‌ നൽകിയത്. 

ചടങ്ങില്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. കെ. വി. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. റേഡിയേഷന്‍ ഓങ്കോളജി സീനിയര്‍ കസൾട്ടന്‍റ് ഡോ. സതീഷ് പത്മനാഭന്‍ ട്രൂബീം യന്ത്രം പരിചയപ്പെടുത്തി. ക്യാന്‍സര്‍ ചികിത്സയില്‍ ഏറ്റവും വെല്ലുവിളിയാകുന്നത് ചികിത്സാ കാലയളവും പാർശ്വഫലങ്ങളുമാണ്. ട്രൂബീം സംവിധാനത്തിലൂടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും. ക്യാൻസർ ബാധിക്കാത്ത കോശങ്ങളെ മെച്ചപ്പെട്ട രീതിയിൽ സംരക്ഷിക്കുകയും ക്യാൻസർ കോശങ്ങളെ കൂടുതൽ ഫലപ്രദമായ രീതിയിൽ നേരിടുകയും ചെയ്യുകയുമാണ് ഇതിലൂടെ സാധ്യമാകുന്നതെന്നും ഡോ. സതീഷ് പത്മനാഭൻ. ആസ്റ്റർ മിംസ് ഡയറക്ടർ എൻജിനിയർ അബ്ദുറഹിമാൻ, മെഡിക്കല്‍കോളജ് ഓങ്കോളജി വിഭാഗം തലവന്‍ ഡോ.അജയകുമാര്‍, ഡോ.സലിം.വി.പി, ഡോ. എബ്രഹാം മാമ്മന്‍, ഡോ. അരു ചന്ദ്രശേഖരന്‍, ഡോ. ശ്രീലേഷ് കെ. പി തുടങ്ങിയവര്‍ സംസാരിച്ചു . ആസ്റ്റര്‍ മിംസ് സിഒഒ സമീര്‍.പി.ടി സ്വാഗതവും ഡോ.അബ്ദുള്‍മാലിക്ക് നന്ദിയും പറഞ്ഞു.

ആസ്റ്റർ മിംസിൽ അർബുദ ചികിത്സയ്ക്കുള്ള ആധുനിക സംവിധാനമായ ട്രൂ ബീം യന്ത്രം തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ ഉത്ഘാടനം ചെയ്യുന്നു. ഓങ്കോളജി വിഭാഗം തലവന്‍ ഡോ. കെ. വി.ഗംഗാധരന്‍, ആസ്റ്റര്‍ മിംസ് സിഒഒ സമീര്‍, ആസ്റ്റർ മിംസ് ഡയറക്ടർ എൻജിനിയർ അബ്ദുറഹിമാൻ, ഡോ. എബ്രഹാം മാമ്മന്‍, ഡോ.സതീഷ് പത്മനാഭന്‍
തുടങ്ങിയവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *