Disease

ശുചിത്വ നിറവിൽ സിഡിഎ കോളനി, താങ്ങായി ആസ്റ്റർ വോളന്‍റിയേഴ്സ്

കോഴിക്കോട്: ചായക്കൂട്ടുകളുടെ മനോഹാരിതയിൽ മുങ്ങി ശുചിത്വത്തിന്‍റെ പുത്തൻ പാഠങ്ങളുമായി സമ്പൂർണ മെയ്ക്ക് ഓവർ നടത്തിയിരിക്കുകയാണ് എരഞ്ഞിപ്പാലത്തെ സിഡിഎ കോളനി.
മാലിന്യങ്ങൾ അടിഞ്ഞുകൂടി ജീവിതസാഹചര്യം വഴിമുട്ടിനിന്ന കോളനിയെ ആസ്റ്റർ വോളന്‍റിയേഴ്സിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ശുചീകരിച്ചും സുന്ദരമാക്കിയും പുതിയ ലോകത്തേക്കു കൈപിടിച്ചത്. നിറവ് വേങ്ങേരി, കോഴിക്കോട് കോർപ്പറഷേൻ, ആസ്റ്റർ മിംസ് ചാരിറ്റബ്ൾ ട്രസ്റ്റ് എന്നിവരുമായി ചേർന്നാണ് ഇവർ 150ലേറെ കുടുംബങ്ങൾക്ക് ആരോഗ്യകരവും ശുചിത്വമുള്ളതുമായ ജീവിത സാഹചര്യമൊരുക്കിയത്.  താമസ സൗകര്യം മെച്ചപ്പെടുത്തുക, അഴുക്കുചാൽ സംവിധാനം വൃത്തിയാക്കുക, സമീപത്ത് ബയോബിൻ പാർക്ക് നിർമിക്കുക തുടങ്ങിയവ പദ്ധതിയുടെ ഭാഗമായിരുന്നു.   പദ്ധതി മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോളനിയുടെ മുഖം മിനുക്കലിനെ പ്രകീർത്തിച്ച മേയർ, സാമൂഹ്യപ്രതിബദ്ധതയോടെ മനുഷ്യത്വപരമായ കാര്യങ്ങളാണ് ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ സ്ഥാപകൻ ഡോ. ആസാദ് മൂപ്പൻ ചെയ്തു കൊണ്ടിരിക്കുന്നതെന്നു പറഞ്ഞു.
എ. പ്രദീപ് കുമാർ എംഎൽഎ മുഖ്യാതിഥിയായിരുന്നു. കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. ബാബുരാജ് അധ്യക്ഷതവഹിച്ചു. ആസ്റ്റർ ഡിഎം സിഒഒ സമീർ, സീനിയർ മാനേജർ ലത്തീഫ് കാസിം, ഹരിത കേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ പ്രകാശൻ.പി, ജില്ലാ സഹകരണാശുപത്രി പ്രസിഡന്‍റ് പി.ടി. അബ്ദുൾ അസീസ്, കോർപ്പറേഷൻ കൗൺസിലർ ടി.സി. ബിജുരാജ്, നിറവ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് ഡയറക്റ്റർ പി.പി. മോഹനൻ, ശാസ്ത്രിനഗർ റസിഡന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ് പ്രേമാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. മൂന്നരപ്പതിറ്റാണ്ട് മുൻപ് കോഴിക്കോട് ഡെവലപ്പ്മെന്‍റ് അതോറിറ്റിയാണ് അടിസ്ഥാന സൗകര്യങ്ങൾ മാത്രം ഒരുക്കി സിഡിഎ കോളനി രൂപീകരിച്ചത്. എന്നാൽ, താഴ്ന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്നതിനാൽ എക്കാലത്തും വെള്ളപ്പൊക്ക ഭീഷണിയിലായിരുന്നു പ്രദേശം. മാത്രമല്ല, ഒഴിയാത്ത വെള്ളക്കെട്ടുകൾ അനാരോഗ്യ സാഹചര്യത്തിനും ഇടയാക്കി. എന്നാൽ ബക്കറ്റ് (BUCKET) പദ്ധതിയിലൂടെ ആസ്റ്റർ വോളന്‍റിയേഴ്സും നിറവും കൈകോർത്തത് കോളനിക്ക് അക്ഷരാർത്ഥത്തിൽ പുതിയമുഖം നൽകിയിരിക്കുകയാണ്. സുസ്ഥിര മാലിന്യനിർമാർജനത്തിന്‍റെ ഭാഗമായി സ്ഥല പരിമിതി നേരിടുന്ന കോളനിയിൽ ബക്കറ്റുകളിൽ മാലിന്യം സംഭരിച്ച് വളമാക്കി മാറ്റുന്നതാണ് പദ്ധതി. ആരോഗ്യത്തെയും ശുചിത്വത്തെയുംകുറിച്ചുള്ള പരിശീലന പരിപാടികൾക്കും സൗകര്യമൊരുക്കിയിട്ടുണ്ട്. അഴുക്കുചാൽ സമയബന്ധിതമായി ശുചീകരിക്കുന്നതിനു നൂറോളം വരുന്ന വോളന്‍റിയർമാരുടെ ടീമിനെയും നിയോഗിച്ചിട്ടുണ്ട്. ജൈവ മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിച്ചു കൃഷിക്ക് അനുയോജ്യമായ വളമാക്കി മാറ്റുന്നതിനുള്ള ബയോബിൻ പാർക്കും ഇതിന്‍റെ ഭാഗമാണ്. കോഴിക്കോട് കോർപ്പറേഷൻ അനുവദിച്ച സ്ഥലത്താണ് പാർക്ക് സ്ഥാപിച്ചിരിക്കുന്നത്. 
പ്രദേശത്തെ ജനങ്ങളുടെ ജീവിത സാഹചര്യം മികച്ചതാകാൻ പരിസരവും ശുചിത്വ സംവിധാനവും മെച്ചപ്പെടേണ്ടതുണ്ടെന്ന് ബയോബിൻ പദ്ധതി ഉദ്ഘാടനം ചെയ്ത ശേഷം ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ആരോഗ്യത്തിനു പരിഗണനകൊടുത്തുകൊണ്ടുള്ള ഈ പദ്ധതി മാതൃകാപരമാണെന്നും ഭാവിയിൽ കൂടുതൽ കുടുംബങ്ങളിലേക്ക് പദ്ധതിയെ വ്യാപിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം. പദ്ധതിയോടു സഹകരിച്ച കോർപ്പറേഷനും നിറവ് വേങ്ങേരിക്കും നന്ദിയറിയിച്ച ആസാദ് മൂപ്പൻ വോളന്‍റിയർമാരെ പ്രത്യേകം അഭിനന്ദിച്ചു. 

എരഞ്ഞിപ്പാലം സിഡിഎ കോളനിയിൽ നടപ്പാക്കിയ ബക്കറ്റ് പദ്ധതിയുടെ ഉദ്ഘാടന വേദിയിൽ മുഖ്യാതിഥിയായ എ. പ്രദീപ് കുമാർ എംഎൽഎ ലിസി വിക്റ്ററിന് മാലിന്യസംഭരണത്തിനുള്ള ബക്കറ്റ് കൈമാറുന്നു.മേയർ തോട്ടത്തിൽ രവീന്ദ്രൻ, ആസ്റ്റർ മിംസ് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, സിഒഒ സമീർ. പി. ടി,   ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. വി. ബാബുരാജ്, കൗൺസിലർ ടി. സി. ബിജുരാജ് തുടങ്ങിയവർ സമീപം.
എരഞ്ഞിപ്പാലം സിഡിഎ കോളനിയിൽ നടപ്പാക്കിയ മാലിന്യ നിർമാർജന പദ്ധതി ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ സ്ഥാപകൻ ഡോ.ആസാദ് മൂപ്പൻ ഉദ്ഘാടനം ചെയ്യുന്നു. മേയർ തോട്ടത്തിൽ രവീന്ദ്രൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. വി. ബാബുരാജ്, ലത്തീഫ് കാസിം 
കൗൺസിലർ ടി. സി. ബിജുരാജ് തുടങ്ങിയവർ സമീപം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *