Disease

വവ്വാൽ കോട്ടയിലെ വൈറസ് വേട്ടക്കാർ

ജീവൻ പണയപ്പെടുത്തി വൈറസുകളെ കാട്ടിൽനിന്ന് കണ്ടെടുക്കുന്നവരുടെ കഥ

ഇതുവരെ കണ്ടെത്തിയത് 500 ലേറെ  കൊറോണ വൈറസുകളെ


നിഹാരിക

പൊട്ടിയടർന്ന മുളഞ്ചീളുകളെ വകഞ്ഞുമാറ്റിക്കൊണ്ടെത്തിയ ഏഴംഗ സംഘം ഇരുൾമൂടിയ ഗുഹാമുഖത്ത് ഒരുനിമിഷം ധ്യാനനിരതരായി. മിക്കവാറും ആംഗ്യങ്ങൾക്കൊണ്ടായിരുന്നു അവരുടെ ആശയവിനിമയം. അത്രയേറെ ഗൗരവമുള്ള ദൗത്യത്തിന്‍റെ പുറപ്പാടിനെ സൂചിപ്പിക്കാനാകുന്ന ശരീരഭാഷ അവർക്കിടയിൽ പ്രകടമായിരുന്നു. തുടർന്ന് സംഘാംഗങ്ങൾ ഓരോരുത്തരായി ശരീരം പൂർണമായും മറയ്ക്കാനാകുന്ന വെളുത്ത വസ്ത്രങ്ങളിലേക്കു നിവർന്നുകയറി. കട്ടിയേറിയ കൈയുറകളും മുഖാവരണവും ധരിച്ച് ഒരിക്കൽക്കൂടി സുരക്ഷ ഉറപ്പാക്കിയ ശേഷം ചെമ്പിച്ച ചുണ്ണാമ്പു ഗുഹകളിലേക്ക് അവർ കാൽവച്ചു; ഒരു പക്ഷേ, ലോകത്തെ ഏറ്റവും അപകടകരമായ അണുക്കൾ പതിയിരിക്കാൻ സാധ്യതയുള്ള പ്രാക്തനമായ ഒരിടത്തേക്ക്…
തെക്കു പടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിൽപ്പെടുന്ന ചുണ്ണാമ്പുകട്ടകൾക്കൊണ്ടുള്ള ഗുഹകൾ തേടിയെത്തിയ ഇവർ
വൈദ്യശാസ്ത്ര ലോകത്തെ വേട്ടക്കാരാണ്, വൈറസ് വേട്ടക്കാർ. തലയിൽ ഘടിപ്പിച്ച ടോർച്ചുകളിൽനിന്നുള്ള വെളിച്ചത്തിന്‍റെ സഹായത്താൽ ഇരുട്ടുനിറഞ്ഞ ഗുഹകളിലേക്കെത്തുന്ന ഇവരുടെ ലക്ഷ്യം വവ്വാലുകളാണ്. അമേരിക്കൻ എൻജിഒ എക്കോ ഹെൽത്ത് അലയൻസിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന ഈ ശാസ്ത്രസംഘം വൈറസുകളുടെ വലിയ ആവാസകേന്ദ്രമായ വവ്വാലുകളെ പിടികൂടിയ ശേഷം അവയിൽനിന്ന് വൈറസുകളെ കണ്ടെത്തി പഠനവിധേയമാക്കുന്നു. ആയിരക്കണക്കിന് വവ്വാലുകൾ കൂട്ടത്തോടെ കഴിയുന്ന ചുണ്ണാമ്പു ഗുഹകളിൽ നിന്ന് അവയുടെ മൂത്രവും കാഷ്ഠവും കൂടി ശേഖരിക്കാറുണ്ടെന്ന് സംഘത്തിന്‍റെ മേധാവി പീറ്റർ ഡസാക്ക് പറയുന്നു.
ഗുഹകളിൽ കയറിയാൽ ശ്രദ്ധയോടെ അന്തർഭാഗം പരിശോധനയ്ക്കു വിധേയമാക്കുന്നു. തുടർന്ന് കവാടത്തിൽ വലിയ വല വിരിച്ചശേഷം ക്ഷമയോടെയുള്ള കാത്തിരിപ്പാണ്. നേരമിരുട്ടും വരെയുള്ള കാത്തിരിപ്പ്. സന്ധ്യയാകുന്നതോടെ വവ്വാലുകൾ കൂട്ടമായി ഇര തേടി പുറത്തേക്കിറങ്ങുന്നു. വലയിൽക്കുരുങ്ങി വീഴുന്ന ഇവയെ പിടികൂടിയ ശേഷം നേരിയ മയക്കുമരുന്ന് നൽകി ഉറക്കുന്നു. പിന്നീട്, ചിറകുകൾക്കുള്ളിലെ സിരകളിൽനിന്ന് രക്ത സാംപിൾ കുത്തിയെടുക്കുന്നു. ശേഖരിച്ച സാംപിളുകൾ രാജ്യന്തര പ്രശസ്തിയാർജിച്ച പാർട്നർ ലാബുകളിലേക്ക് അയച്ചാണ് വൈറസുകളെക്കുറിച്ചുള്ള വിവരങ്ങൾ ഉറപ്പുവരുത്തുന്നത്. ചിലപ്പോൾ ശേഖരണസ്ഥലത്തുതന്നെ ലാബ് സൗകര്യങ്ങളുമൊരുക്കുന്നു.
ലോകത്തുണ്ടായേക്കാവുന്ന മഹാമാരികളെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തിന്‍റെ ഭാഗമായി പീറ്റർ ഡസാക്ക് കഴിഞ്ഞ പത്തുവർഷത്തിനിടെ സഞ്ചരിച്ചത് ഇരുപതിലേറെ രാജ്യങ്ങളിൽ. വവ്വാലുകൾ ഉൾപ്പെടെ നിരവധി ജീവികളിൽനിന്നുള്ള വൈറസ് സാംപിളുകൾ ശേഖരിച്ചു, പ്രധാനമായും കൊറോണ വൈറസുകൾ! ഡസാക്കും അദ്ദേഹത്തെ പോലെ പ്രവർത്തിക്കുന്ന മറ്റു ശാസ്ത്രജ്ഞരും കണ്ടെത്തുന്ന വൈറസുകളെക്കുറിച്ചുള്ള വിവരങ്ങൾ ഓപ്പൺ സോഴ്സ് ലൈബ്രറിക്കു നൽകുന്നു. ഇതുവരെ ശേഖരിച്ച 15,000 ലേറെ വവ്വാൽ സാംപിളുകളിൽനിന്ന് തിരിച്ചറിയാനായത് അഞ്ഞൂറോളം കൊറൊണ വൈറസുകളെ. 2013ൽ ചൈനയിൽ കണ്ടെത്തിയ വൈറസുകളിൽ ഒന്നാകട്ടെ കോവിഡ് -19 ന്‍റെ പൂർവികൻ!  പ്രെഡിക്റ്റ്, സ്മിത്ത് സോണിയൻ ഇൻസ്റ്റിറ്റ്യൂഷൻ തുടങ്ങിയ വിവിധ ഏജൻസികളും വൈറസ് ഗവേഷണത്തിൽ മുൻപന്തിയിലുണ്ട്.

കൊറോണ വൈറസ് ഗവേഷണം

2003ൽ സാർസ് (SARS) തിരിച്ചറിയും വരെ കൊറോണ വൈറസുകളെക്കുറിച്ചുള്ള  ഗവേഷണങ്ങൾക്ക് കാര്യമായ പരിഗണനകിട്ടിയിരുന്നില്ല. ആകെ തിരിച്ചറിഞ്ഞിരുന്നത് രണ്ട് ഹ്യൂമൻ കൊറോണ വൈറസുകളെക്കുറിച്ചു മാത്രം. ഇവയെ കണ്ടെത്തിയതാകട്ടെ1960ലായിരുന്നു. യുഎസ് ധനസഹായത്തോടെ എക്കോ ഹെൽത്ത് അലയൻസ് ഉൾപ്പെടെ സംഘടനകളുമായി ചേർന്ന് 2009ൽ പ്രെഡിക്റ്റ് എന്ന പ്രസ്ഥാനം രൂപപ്പെട്ടത് വൈറസുകളെ കണ്ടെത്തുന്നതിൽ നിർണായക ചുവടുവയ്പ്പായി.
ജന്തുജന്യ രോഗങ്ങൾ (കൊറോണ വൈറസുകൾ ഉൾപ്പെടെ) മനുഷ്യരിലേക്ക് എത്തും മുൻപെ തടയുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പ്രസ്ഥാനത്തിന്‍റെ തുടക്കം. 31 രാജ്യങ്ങളിൽ പ്രവർത്തനമുള്ള പ്രെഡിക്റ്റ് പത്തുവർഷം പിന്നിട്ട പ്രവർത്തനങ്ങൾക്ക് ചെലവിട്ടത് 200 ദശലക്ഷം ഡോളർ. ഇക്കാലയളവിൽ കണ്ടെത്തിയതാകട്ടെ കോവിഡ്- 19 ഉൾപ്പെടെ അഞ്ച് ഹ്യൂമൻ കൊറോണ വൈറസുകളെ. ഇതുവരെ അഞ്ഞൂറോളം കൊറോണ വൈറസുകളെ മാത്രമേ ശാസ്ത്രലോകത്തിന് തിരിച്ചറിയാനായിട്ടുള്ളൂവെങ്കിലും 15,000 ലേറെ കൊറോണ വൈറസുകൾ വവ്വാലുകളിൽ ഉണ്ടാകാമെന്നാണ് എക്കോ അലയൻസ് സംഘത്തിന് നേതൃത്വം നൽകുന്ന ഡസാക്കിന്‍റെ നിഗമനം. ഭൂമുഖത്ത് ഏറ്റവുമധികം വവ്വാലുകൾ കാണപ്പെടുന്ന പ്രദേശം എന്ന നിലയ്ക്കാണ് ഡസാക്കും സംഘവും തെക്കു പടിഞ്ഞാറൻ ചൈനയിലെ യുനാൻ കേന്ദ്രീകരിക്കുന്നത്. സാർസിന്‍റെ പ്രഭവത്തെക്കുറിച്ചായിരുന്നു ആദ്യഘട്ടത്തിൽ ശ്രദ്ധയൂന്നിയിരുന്നതെങ്കിലും ഇതിനെക്കാൾ അപകടകരമായ നൂറുകണക്കിന് കൊറോണ വൈറസുകൾ ഉണ്ടെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്ന് ഗവേഷണത്തിന്‍റെ ദിശ മാറ്റുകയായിരുന്നു.
സ്മിത്ത് സോണിയൻ ഇൻസ്റ്റിറ്റ്യൂഷനു കീഴിലുള്ള മറ്റൊരു വൈറസ് സംഘം പ്രവർത്തിക്കുന്നത് മ്യാൻമറും കെനിയയും കേന്ദ്രീകരിച്ചാണ്. മ്യാൻമറിൽ ആറ് നോവൽ കൊറോണ വൈറസുകളെ കണ്ടെത്താനായതായി ഇൻസ്റ്റിറ്റ്യൂഷന്‍റെ ഗ്ലോബൽ ഹെൽത്ത് പ്രോഗ്രാം മേധാവിയായ സൂസൻ മുറെ പറ‍യുന്നു. ജൈവ വൈവിധ്യമുള്ള പ്രദേശങ്ങൾ എന്ന നിലയ്ക്കാണ് ഈ മേഖലകൾ പഠനത്തിനായി തെരഞ്ഞെടക്കുന്നത്. മാത്രമല്ല, ജനസംഖ്യാ വർധനയെത്തുടർന്ന് മനുഷ്യർ ജന്തുക്കളുടെ ആവസവ്യവസ്ഥയിലേക്ക് കൈകടത്തുന്നതും സ്പീഷ്യസുകളിലേക്ക് വൈറസുകൾ കൈമാറ്റം ചെയ്യപ്പെടാൻ സാധ്യതയുള്ളതും പ്രദേശങ്ങളെ ഹൈ പൊട്ടൻഷ്യൽ ആക്കുന്നു.

വവ്വാലുകളിൽനിന്ന് മനുഷ്യരിലേക്ക്

ദക്ഷിണ പൂർവ ഏഷ്യയിലും ചൈനയിലും മനുഷ്യർ വവ്വാലുകളെ വലിയ തോതിൽ വേട്ടയാടുകയും വെറ്റ് മാർക്കറ്റുകളിൽ വിൽക്കുകയും (പലപ്പോഴും ജീവനോടെ) , ഭക്ഷിക്കുകയും ചെയ്യുന്നത് ഈ മേഖലയിൽ ഗവേഷണത്തിന് ശാസ്ത്രജ്ഞരെ പ്രേരിപ്പിക്കാറുണ്ട്. യുനാനിലെ ജിന്നിങ് കൗണ്ടിയിൽ രണ്ടു വവ്വാൽ ഗുഹകൾക്ക് സമീപം താമസിക്കുന്ന ആളുകളിൽ നടത്തിയ പരിശോധനയിൽ മൂന്നു ശതമാനം പേരിലും വവ്വാലുകളിൽ മാത്രം കണ്ടുവരുന്ന പ്രത്യേക ആന്‍റി ബോഡികൾ തിരിച്ചറിഞ്ഞിരുന്നു. വൈറസുകൾക്കെതിരേയുള്ള ഈ ആന്‍റിബോഡികളുടെ സാന്നിധ്യം ഈ ജനവിഭാഗം നേരത്തേതന്നെ വൈറസ് ബാധിതരായിരുന്നുവെന്ന് വ്യക്തമാക്കുന്നു.  സ്വയം അറിയാതെതന്നെ ഇവർ വൈറസിന്‍റെ ആക്രമണത്തെ പ്രതിരോധിക്കാനുള്ള ശേഷിയും നേടിയിരുന്നു.
വവ്വാലുകളിൽ തുടങ്ങുന്ന വൈറസുകൾക്ക് മനുഷ്യരിലേക്ക് പ്രവേശിക്കണമെങ്കിൽ മനുഷ്യ കോശങ്ങളിലെ റെസപ്റ്ററുകളുമായി ബന്ധപ്പെടാനുള്ള ശേഷി കൈവരിക്കേണ്ടതുണ്ട്. മറ്റൊരു ഹോസ്റ്റ് ബോഡി ഇടനിലയായി സ്വീകരിക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. മരപ്പട്ടി, ഒട്ടകം തുടങ്ങി മനുഷ്യരുമായി ബന്ധപ്പെടാൻ സാധ്യതയുള്ള ഏതെങ്കിലും സസ്തനികളാകാം ഇത്. നിപ്പ, മാർബർഗ്, എബോള, സാർസ് തുടങ്ങിയ വൈറസുകളെല്ലാം ഇത്തരത്തിൽ മനുഷ്യരിലേക്കെത്തുന്നു. പറക്കുന്ന സസ്തനിയെന്നതും നിരന്തരം ശാരീരിക സമ്മർദം അനുഭവിക്കുന്ന ജീവിയെന്നതും വവ്വാലുകളുടെ പ്രതിരോധ സംവിധാനത്തെ ഊർജിമാക്കുകയും വൈറസുകളുടെ വാഹകരാകാൻ സഹായിക്കുകയും ചെയ്യുന്നുണ്ട്.

കൊറോണ വൈറസ് ലൈബ്രറി, നിപ്പ

ലാബുകളിൽ പരിശോധനയ്ക്കു വിധേയമാക്കുന്ന വൈറസുകളുടെ ജനിതകഘടന പിന്നീട് യുഎസ് നാഷണൽ സെന്‍റർ ഫോർ ബയോടെക്നോളജി ഇൻഫൊർമേഷൻ നിയന്ത്രണത്തിലുള്ള ഓപ്പൺ ആക്സസ് ഡാറ്റാബേസുമായി ഒത്തുനോക്കുന്നു. ഇതുവരെ കണ്ടെത്തിയ എല്ലാ ഹ്യൂമൻ, അനിമൽ വൈറസുകളെക്കുറിച്ചുമുള്ള വിവരം ഇവിടെ ലഭ്യമാണ്. ഇതിലൂടെ പുതിയ വൈറസിനെയാണ് കണ്ടെത്തിയതെന്ന് തിരിച്ചറിയാനാകുന്നു.  നിലവിലുള്ള വൈറസിന്‍റെ ഡിഎൻഎയിൽനിന്ന് 20 ശതമാനം വ്യത്യസ്തമാണ് സാംപിളെങ്കിൽ പുതിയ വൈറസായി കണക്കാക്കുന്നു.
ആരുടെയും ശ്രദ്ധയിൽപ്പെടാതെ മനുഷ്യനിലേക്കു വ്യാപിച്ച വൈറസാണ് നിപ്പയെന്ന് ഡസാക്ക് പറയുന്നു. 1998ൽ മലേഷ്യയിൽ പടർന്ന നിപ്പ 105 പേരുടെ മരണത്തിനിടയാക്കിയിരുന്നു. എന്നാൽ, വളരെ നേരത്തേതന്നെ വവ്വാലിൽ നിന്ന് ഈ വൈറസ് ബംഗ്ലാദേശിലെ ഉൾഗ്രാമങ്ങളിലെ മനുഷ്യരിലെത്തിയിരുന്നതായി അദ്ദേഹം പറയുന്നു. പലപ്പോഴും രോഗ വ്യാപനം തിരിച്ചറിയാനാകാത്തത് ഗ്രാമങ്ങളിലെ പരിമിതമായ മെഡിക്കൽ സൗകര്യങ്ങൾ മൂലമാണെന്ന് ഡസാക്ക്.

കോവിഡ്- 19

കോവിഡ് – 19 പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ശാസ്ത്രജ്ഞ ഷി സെംഗ്ലിയാണ് എക്കോ ഹെൽത്ത് അലയൻസ് തയാറാക്കിയിട്ടുള്ള 500 കൊറോണ വൈറസുകളുടെ ഡാറ്റാ ബേസുമായി താരതമ്യം ചെയ്തു വൈറസിനെ തിരിച്ചറിഞ്ഞത്. യുനാനിലെ ഗുഹകളിൽനിന്ന് 2013ൽ ശേഖരിച്ചു സൂക്ഷിച്ച വവ്വാൽ സാംപിളുമായി 96.2 % സാമ്യമുള്ളതായിരുന്നു ഇത്. വൈറസിന്‍റെ ഉത്ഭവം എവിടെയാണെന്നുള്ള തിരിച്ചറിവ് ഇവ എങ്ങനെയായിരിക്കാം ഉത്പരിവർത്തനം ചെയ്യുന്നതെന്നും മനുഷ്യനിലേക്കു പകരുന്നതെന്നും മനസിലാക്കാൻ സഹായിക്കും.

അടുത്ത മഹാമാരി

കോവിഡ്-19, എബോള തുടങ്ങിയ വൈറസുകളുടെ ഉത്ഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമല്ല വൈറസ് വേട്ടക്കാർ നമുക്ക് നൽകുന്നത്. അടുത്ത വൈറസ് ഔട്ട് ബ്രേക്ക് എവിടെയായിരിക്കുമെന്നതിലേക്കും ഇവർ സൂചനകൾ നൽകുന്നു.  മനുഷ്യരിലേക്ക് വൈറസുകൾ പടരാൻ ഏറ്റവും സാധ്യതയുള്ള പ്രദേശങ്ങളെ ചൂണ്ടിക്കാട്ടുക വഴിയാണ് ഇതിന് സാധ്യമാകുക. കൂടാതെ, ഏതിനം വൈറസുകളാണ് മനുഷ്യരിലേക്ക് എത്താൻ ഏറ്റവും സാധ്യതയുള്ളതെന്നും ഏറ്റവും അപകടകരമെന്നും മനസിലാക്കാനും സാധിക്കുന്നു. സാർസ്, മെർസ് തുടങ്ങിയവയോട് അടുത്തുനിൽക്കുന്ന കൊറോണ വൈറസുകൾ മനുഷ്യരിലേക്ക് വളരെ വേഗം പടരാൻ സാധ്യതയുള്ളവയാണ്. സാർസിനോട് സാമ്യമുള്ള 50 പുതിയ വൈറസുകളെ കണ്ടെത്താനായതായി ഡസാക്ക് പറയുന്നു. അപകടകാരികളായ വൈറസുകൾ വ്യാപിക്കാൻ സാധ്യതയുള്ള മേഖലകളിൽ ബോധവത്കരണ പരിപാടികൾ നടത്തുന്നത് പ്രധാന പ്രതിരോധ മാർഗമാണെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. 
– അവലംബം സിഎൻഎൻ-

Related Posts

Leave a Reply

Your email address will not be published. Required fields are marked *